ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ചൊവ്വാഴ്ച കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വീണ്ടും മുഴുവന്‍ അംഗസഖ്യയായ 34-ല്‍ എത്തി.
ജസ്റ്റിസുമാരായ എം.ആര്‍. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.അഭിഭാഷകവൃത്തിയില്‍നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന നാലാം വ്യക്തിയാവാനും ഇതോടെ കെ.വി. വിശ്വനാഥന് അവസരമൊരുങ്ങി. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇത്തരത്തില്‍ ബാറില്‍നിന്ന് നേരിട്ടെത്തി ചീഫ് ജസ്റ്റിസായത്. രണ്ടാമത്തേത് ജസ്റ്റിസ് യു.യു. ലളിതായിരുന്നു. നിലവില്‍ ജഡ്ജിയായ പി.എസ്. നരസിംഹയ്ക്കാണ് അടുത്ത അവസരം.
Post a Comment