ഡെറാഡൂൺ: റോട്ട്‌വീലർ നായ്‌ക്കളുടെ കടിയേറ്റ വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്. ഡെറാഡൂണിലെ രാജ്പൂർ പ്രദേശത്തെ ജഖാനിലാണ് സംഭവം. നായ്‌ക്കളുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ പതിവുപോലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് വഴിയിൽ വച്ച് അക്രമകാരികളായ രണ്ട് നായ്‌ക്കൾ 75കാരിയായ കൗശല്യ ദേവിയെ ആക്രമിച്ചത്. വൃദ്ധയുടെ നിലവിളി കേട്ട് സമീപവാസികൾ പുറത്തുവന്ന് ഏറെപണിപെട്ട് അവരെ രക്ഷിക്കുകയായിരുന്നു.നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദേവിയുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ മകൻ ഉമാംഗ് നിർവാൾ നൽകിയ പരാതിയിലാണ് നായ്‌ക്കളുടെ ഉടമയായ നഫീസിനെതിരെ (40) കേസെടുത്തതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. അന്വേഷണത്തിൽ, അപകടകരമായ ഇനത്തിൽപ്പെട്ട നായ്‌ക്കളെ വളർത്തുന്നതിന് നഫീസ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലൈസൻസ് എടുത്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
നഫീസിനെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണം ഉണ്ടായപ്പോൾ സ്‌ത്രീയെ രക്ഷിക്കാനായി ഉടമകൾ വന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ലൈസൻസില്ലാതെ അപകടകാരികളായ ഇനത്തിൽപ്പെട്ട നായ്‌ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനായി കോർപ്പറേഷന്റെ സഹകരണം കൂടി ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു.
റോട്ട്‌വീലറുകൾ, പിറ്റ്ബുള്ളുകൾ, അമേരിക്കൻ ബുൾഡോഗുകൾ എന്നിവയുൾപ്പെടെ 23 വിദേശ ഇനം നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വാങ്ങൽ, വിൽപ്പന എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. അത്തരം നായ്‌ക്കളെ നിങ്ങൾ കാണുകയാണെങ്കിൽ 112 എന്ന നമ്പറിൽ വിളിക്കുകയോ മുനിസിപ്പൽ കോർപ്പറേഷനിൽ അറിയിക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Post a Comment