വടകരയിൽ ചില ജീവനക്കാരെ മുന്നിൽ നിർത്തിക്കൊണ്ട് മുൻസിപ്പൽ ഭരണാധികാരികൾ നടത്തുന്ന വൻ കൊള്ളയാണ് മുൻ മുൻസിപ്പൽ ചെയർമാൻ കെ.ശ്രീധരൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ ആരോപിച്ചു.കോൺഗ്രസ് വടകര മുൻസിപ്പൽ ഏരിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോളിഡേ മാൾ ഉൾപ്പെടെയുള്ളപദ്ധതികളിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ ഒരു ഭരണമാറ്റത്തിനായി ജനം കാത്തിരിക്കുകയാണ്.സ്വന്തക്കാരുടെ പേരിൽ മുൻസിപ്പൽ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും എഴുതിക്കൊടുത്ത് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നത്.കെട്ടിട നിർമ്മാണ ചട്ടങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കോഴ വാങ്ങി നിരവധി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ അഴിമതിക്കെതിരെയുള്ള വരാനിരിക്കുന്ന സമരങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും അഡ്വ കെ പ്രവീൺകുമാർ ആഹ്വാനം ചെയ്തു.
പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ഭരണത്തിനെതിരായുള്ള കുറ്റപത്രം സമർപ്പണം സതീശൻ കുരിയാടി നിർവഹിച്ചു.അഡ്വ. ഐ മൂസ,നാണു മാസ്റ്റർ,കോട്ടയിൽ രാധാകൃഷ്ണൻ,അഡ്വ.സി.വത്സലൻ,സുധീഷ് വള്ളിൽ,കളത്തിൽ പീതാംബരൻ,ടിവി സുധീർകുമാർ,കാവിൽ രാധാകൃഷ്ണൻ,പുറന്തോടത്ത് സുകുമാരൻ,പി അശോകൻ,പി എസ് രഞ്ജിത് കുമാർ,എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Post a Comment