കൊച്ചി: നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആണ് നടനെതിരെ പരാതി നൽകിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് വിനായകനെതിരെ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ 2023 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും മോശമായ രീതിയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ പങ്കുവച്ചിരുന്നു. വന്‍ രോഷം ആയിരുന്നു അന്ന് ഉയര്‍ന്നത്. വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിനായകന്‍ മാപ്പ് പറയണമെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നാലെ വിനായകനെതിരെ പൊലീസ് കേസും എടുത്തിരുന്നു. പുതിയ പോസ്റ്റിലും വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയരുകയാണ്. കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കിയ വിനായകന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മയിൽ ആയിരുന്നു വിനായകനും പങ്കാളിയായത്. "ഇല്ല... ഇല്ല... മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ", എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിനായകനും കൂട്ടരും വിളിക്കുന്നുണ്ടായിരുന്നു.
Post a Comment