വയനാട് ദുരിതബാധിതര്‍ക്ക് 30 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നുള്ള യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം വെറും വാക്കായി. ഇതിനായി നടത്തിയ പണപ്പിരിവിലും ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കാനോ മറുപടി പറയാനോ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആകുന്നുമില്ല.
വയനാട് ദുരിതബാധിതര്‍ക്ക് 30 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയത്. പണപ്പിരിവിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് നടത്തി. പായസ ചലഞ്ചുകളും ഫിഷ് ചലഞ്ചും നടത്തി. ഇത് റീല്‍സായി നേതാക്കളുടെ ഫെയ്സ് ബുക്ക് പേജില്‍ തന്നെ ഇടുകയും ചെയ്തു. പക്ഷെ ദുരിത ബാധിതര്‍ക്കായുള്ള വീട് നിര്‍മ്മാണം മാത്രം നടന്നില്ല. പിരിച്ചെടുത്ത പണം എവിടെ പോയെന്ന തര്‍ക്കം നടക്കുകയാണ് ഇപ്പോൾ സംഘടനക്കുള്ളില്‍.പിരിഞ്ഞുകിട്ടിയത് 88 ലക്ഷം രൂപ മാത്രമാണന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. പക്ഷെ നിയോജക മണ്ഡലം കമ്മിറ്റികള്‍ പിരിച്ചെടുത്ത കണക്കുമായി ഈ 88 ലക്ഷം രൂപയുടെ കണക്ക് ഒത്തുപോകുന്നില്ല. പല കമ്മിറ്റികളിലും ഇത് സംബന്ധിച്ച പരാതികള്‍ ഉയരുന്നു. ചിലയിടങ്ങളില്‍ ജനങ്ങള്‍ തന്നെ പൊലീസില്‍ പരാതിയും നല്‍കി കഴിഞ്ഞു. കെപിസിസി അധ്യക്ഷനും രാഹുല്‍ മാങ്കൂട്ടത്തിലിനും പലരും പരാതി നല്‍കി. ഫണ്ട് പിരിവില്‍ ക്രമക്കേട് നടത്തിയ 19 നിയോജക മണ്ഡലം പ്രസിഡന്റുമാരെ അവസാനം രാഹുലിന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു.
അതേസമയം പിരിഞ്ഞു കിട്ടിയ 88 ലക്ഷം രൂപയ്ക്ക് 30 വീടുകള്‍ നിര്‍മ്മിക്കാനാകില്ലെന്നതാണ് വലിയ പ്രതിസന്ധി. സര്‍ക്കാര്‍ ടൗണ്‍ ഷിപ്പില്‍ നല്‍കുന്ന ഒരു വീടിന്റെ നിര്‍മ്മാണ ചിലവ് തന്നെ 20 ലക്ഷം രൂപയാണ്. ആ കണക്ക് അനുസരിച്ചാണെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകള്‍ക്ക് ഇനി 2 കോടി രൂപ കൂടി വേണം. മാത്രമല്ല വീടുകള്‍ നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തണം.അതിലും ഇതുവരെ തീരുമാനമായിട്ടില്ല. ഡിവൈഎഫ്ഐ 25 വീടുകള്‍ പ്രഖ്യാപിച്ചു. 100 വീടുകള്‍ നിര്‍മ്മിക്കാനുള്ള 20 കോടി രൂപ ആക്രി പെറുക്കിയും മത്സ്യം വിറ്റും സമാഹരിച്ചു നല്‍കി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം എവിടെയും എത്തിയില്ല. വയനാട് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം കേട്ട് വീടിനായി കാത്തിരിക്കുന്ന ദുരിതബാധിതരെ യൂത്ത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടവും കബളിപ്പിക്കുകയാണോ എന്നാണ് ഏവരും ചോദിക്കുന്നത്.
Post a Comment