കേരളത്തിനും വേണം അമൃത് ഭാരത് ട്രെയിനുകൾ, നേരത്തെ ഉറപ്പ് നൽകിയതും കിട്ടിയില്ല; അനുവദിച്ച 12ൽ ഒമ്പതും ബിഹാറിന്

 


തിരുവനന്തപുരം:
 സാധാരണക്കാരെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് റെയിൽവേ ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലായി ഒന്നര വർഷം പിന്നിടുമ്പോഴും കേരളത്തിന് നിരാശ. വിവിധ സംസ്ഥാനങ്ങൾക്ക് ട്രെയിനുകൾ അനുവദിച്ചെങ്കിലും കേരളത്തിന് ഒറ്റ ട്രെയിൻ പോലും റെയിൽവേ നൽകിയിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെരിക്കെ കേരളത്തിന് ട്രെയിൻ അനുവദിക്കാത്തത് റെയിൽവേക്ക് കനത്ത നഷ്ടമാണ്. തൊഴിലാളികൾക്കും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് റെയിൽവേ അമൃത് ഭാരത് നോൺ-എസി ട്രെയിനുകൾ ആരംഭിച്ചത്. 2024 ജനുവരിയിലാണ് ആദ്യത്തെ അമൃത് ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്. നിലവിൽ 12 ട്രെയിനുകളാണ് ഇതുവരെ സർവീസ് ആരംഭിച്ചത്. അതിൽ ഒമ്പതും ബിഹാറിനാണ് ലഭിച്ചത്. ഈ മാസം 14ന് ജോ​ഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങി. ദക്ഷിണേന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ അമൃത് ഭാരതായിരുന്നു ഇത്. 100 ട്രെയിനുകൾക്ക് അനുമതി നൽകാനാണ് റെയിൽവേയുടെ തീരുമാനം. ട്രെയിനുകൾ ആരംഭിക്കുന്നതിനായി തയ്യാറാക്കിയ ആദ്യ റൂട്ടുകളുടെ പട്ടികയിൽ എറണാകുളം - ഹൗറ റൂട്ട് ഉൾപ്പെടുത്തിയിരുന്നെങ്കിലും 12 ട്രെയിനുകൾ അനുവദിച്ചപ്പോഴും കേരളം ഉൾപ്പെട്ടില്ല. ലക്ഷക്കണക്കിന് ഇതര സംസ്ഥാനക്കാർ തൊഴിലെടുക്കുന്ന കേരളത്തിൽ നിന്ന് ഒഡീഷ, ബീഹാർ, അസം എന്നിവിടങ്ങളിലേക്ക് അമൃത് ഭാരത് സർവീസുകൾ അനുവദിക്കണമെന്ന് ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയിരുന്നു. ജോഗ്ബാനി-ഈറോഡ് സർവീസ് ലഭിച്ചതിനാൽ അയൽ സംസ്ഥാനമായ തമിഴ്നാട് പരി​ഗണിക്കപ്പെട്ടു. കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് ട്രെയിനും പരി​ഗണനയിലാണെന്ന് സൂചനയുണ്ട്. ‌‌‌‌തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ബിഹാറിന് കൂടുതൽ ട്രെയിൻ അനുവദിച്ചതെന്നും ആരോപണമുണ്ട്.

ഏറെ തിരക്കുള്ള കേരളത്തിൽ കൂടുതൽ ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യങ്ങൾ പരി​ഗണിക്കപ്പെടുന്നില്ലെന്ന ആരോപണം നിലനിൽക്കുന്നു. എറണാകുളം-ബെം​ഗളൂരു വന്ദേ ഭാരത് എന്ന ആവശ്യവും റെയിൽവേ തള്ളി. മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് 20 കോച്ചുകളാക്കി വർധിപ്പിച്ചതിനെ തുടർന്ന് ഇതുവരെ സർവീസ് നടത്തിയിരുന്ന 16 കോച്ചുള്ള വന്ദേഭാരത് എറണാകുളം-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, കേരളത്തിന്റെ ആവശ്യം പരി​ഗണിക്കാതെ 16 കോച്ചുകളുള്ള ഈ ട്രെയിൻ മധുര ഡിവിഷന് കൈമാറുകയും മധുര-ബെം​ഗളൂരു റൂട്ടിൽ സർവീസിന് അനുവദിക്കുകയും ചെയ്തു. 
ഇതുവരെ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് രാമേശ്വരം - തിരുപ്പതി റൂട്ടിലേക്ക് മാറ്റും. നിലവിൽ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ നടത്തുന്ന ട്രെയിനുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ലീപ്പർ, എസി കോച്ചുകൾ ദിവസങ്ങൾക്ക് മുമ്പേ ബുക്കിങ് അവസാനിക്കും. പലപ്പോഴും തിങ്ങിനിറഞ്ഞ് ജനറൽ കോച്ചുകളിലാണ് ആളുകൾ യാത്ര ചെയ്യുന്നത്. ബം​ഗാൾ, ബിഹാർ, അസം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് അമൃത് ഭാരത് സർവീസുകൾ അനുവദിച്ചാൽ ആയിരങ്ങൾക്കാണ് ഉപകാരപ്പെടുക.

കേരളത്തെ പരി​ഗണിക്കണം-ആൾ കേരള റെയിൽ പാസഞ്ചേഴ്സ് അസോ.

കൂടുതൽ ആധുനിക ട്രെയിനുകൾ അനുവദിക്കുന്നതിൽ കേരളത്തെ പരി​ഗണിക്കണം-ആൾ കേരള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ കെ.ജെ. മാൻവട്ടം ആവശ്യപ്പെട്ടു. അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും പ്രതീക്ഷിച്ചിരുന്നു. സങ്കടകരമെന്ന് പറയട്ടെ 12 ട്രെയിനുകൾ അനുവദിച്ചപ്പോൾ ഒന്നുപോലും കേരളത്തിന് ലഭിച്ചില്ല. റെയിൽവേക്ക് കേരളത്തോട് അനുകൂല മനോഭാവം വർധിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകൾ അനുവദിക്കുന്നതിൽ പിശുക്ക് തുടരുകയാണ്. അമൃത് ഭാരത് അനുവദിക്കുന്നതിലും പ്രതീക്ഷകൾ നിലവിൽ അസ്ഥാനത്തായി. കേരളത്തിന് കൂടുതൽ വന്ദേഭാരത്, അമൃത് ഭാരത്, മെമു ട്രെയിനുകൾ അനുവദിച്ച് സംസ്ഥാനം നേരിടുന്ന യാത്രാക്ലേശേം പരി​ഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

WB AD


 


 

LIVE