‘അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചു; കേരളത്തിലെ വിശ്വാസികളോട് മറുപടി പറയണം’; വിഡി സതീശന്‍

 


അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. ഹൈക്കോടതി അറിയാതെ സര്‍ക്കാരിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിരിക്കുന്നത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. അയ്യപ്പ സംഗമം നടത്തുന്നതിന് മുന്‍പ് ഈ സ്വര്‍ണം എവിടെ പോയി എന്ന് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ അയ്യപ്പ ഭക്തരോടും കേരളത്തിലെ വിശ്വാസികളോടും പറയേണ്ട ബാധ്യതയുണ്ട്. അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമവുമായി വന്നിരിക്കുന്നതെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് പോക്ക് – അദ്ദേഹം പറഞ്ഞു.അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒന്ന് നിങ്ങള്‍ സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന ആചാര ലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ തയാറുണ്ടോ?, രണ്ട്, ഇതുമായി ബന്ധപ്പെട്ട് അന്നെടുത്ത കേസുകള്‍ പിന്‍വലിക്കുമോ?, മൂന്ന്, പത്ത് കൊല്ലം തീരാന്‍ പോവുകയാണ്. ഭരിച്ച് ഭരണത്തിന്റെ സായാഹ്നത്തിലെത്തിയപ്പോഴാണ് ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ വേണം എന്ന തോന്നല്‍ ഉണ്ടായിരിക്കുന്നത്. 9 കൊല്ലമായി ശബരിമലയില്‍ ഒരു വികസനപ്രവര്‍ത്തനവും നടത്താത്ത സര്‍ക്കാര്‍ പത്താമത്തെ കൊല്ലം, തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാസ്റ്റര്‍ പ്ലാനുമായിറങ്ങിയത് ജനങ്ങളെ കബളിപ്പിക്കാനല്ലേ? ഈ മൂന്ന് ചോദ്യത്തിനും ഉത്തരം വേണം.

Post a Comment

Previous Post Next Post

WB AD


 


 

LIVE