കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെയുള്ള അശ്ലീല പ്രചാരണത്തിലും സൈബർ ആക്രമണത്തിലും പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണൻ. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. അപവാദ പ്രചാരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം. കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരണം കണ്ടതെന്നും പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പിന്നീട് വ്യാപകമായ ആക്രമണം നേരിട്ടു. കെഎം ഷാജഹാൻ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലിൽ ഇത് അവതരിപ്പിച്ചു. തൻറെ പേര് വച്ച് പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചു. തന്റെ നിരപരാധിത്വം അറിയിച്ച് ഫേസ്ബുക്കിൽ താൻ കുറിപ്പിട്ടുവെന്നും പിന്നീടും സൈബർ ആക്രമണം തുടരുന്നു സാഹചര്യമാണ് ഉണ്ടായതെന്നും വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണൻ.സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുയോ തയ്യാറായിട്ടില്ല. ഇത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. സർക്കാറിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിത്. ജനപ്രതിനിധികൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്ന കെഎം ഷാജഹാനോട് സഹതാപം മാത്രം. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം കാലം സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ് ബോംബിന്റെ പിന്തുടർച്ചയാണെന്ന് കരുതേണ്ടിവരുമെന്നും എംഎൽഎയുടെ പ്രതികരണം.വിഷയത്തിൽ കെ ജെ ഷൈനും പ്രതികരിച്ചു. പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. അതിൽ അഭിമാനം ഉണ്ട്. തനിക്ക് കിട്ടിയ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. നെഹ്‌റുവിന്റെ ഒരച്ഛൻ മകൾക്ക് അയച്ച കത്തിൽ സംസ്കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം. കോൺഗ്രസ് സംസ്കാരം നിലനിൽക്കണം. എങ്കിലേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവർക്ക് പ്രവർത്തിക്കാൻ ആകൂവെന്നും കെ ജെ ഷൈൻ. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും അവർ കൂട്ടിച്ചേർത്തു.
Post a Comment