വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ


 മലപ്പുറം: വോട്ടർപട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കുന്നതു വഴി വിദേശത്ത് പൗരത്വവും ഇന്ത്യയിൽ വോട്ടവകാശവമില്ലാതാവുന്നവരിൽ ഏറെയും ഗൾഫ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളൊഴികെ വിദേശത്തു ജോലി ചെയ്യുന്നവർ ഏറെപേരും ആ രാജ്യത്ത് പൗരത്വം നേടിയവരാണ്. 

എന്നാൽ ഗൾഫ് രാജ്യങ്ങളിലുള്ളവരിലധികവും തൊഴിലിനു ശേഷം നാട്ടിലേക്കു മടങ്ങാനുദ്ദേശിക്കുന്നവരാണ്. ഇവർക്ക് നാട്ടിലും തൊഴിൽ ചെയ്യുന്ന വിദേശത്തും നിലനിൽപ്പുണ്ടാവാത്ത അവസ്ഥയാണുണ്ടാവുകയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. 2024ലെ കണക്കുപ്രകാരം പ്രവാസി വോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പറയുന്നു. 
1,19,374 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 75 ശതമാനവും (89,839) മലയാളികളാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 19,500 പേരാണ് കൂടുതലായി കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. എന്നാൽ 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 22 ലക്ഷത്തിലേറെ കേരളീയരാണ് വിദേശ രാജ്യങ്ങളിലുള്ളത്. 30 ലക്ഷത്തോളം പേർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ശേഷിക്കുന്നവർക്ക് വോട്ടില്ല. കേരളത്തിനു പുറത്ത് കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, അസം, ബിഹാർ, ഗോവ എന്നിവടങ്ങളിൽ ഒരു പ്രവാസികൾ പോലും വോട്ടുരേഖപ്പെടുത്തിയില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പ്രവാസി വോട്ടർമാരായുള്ളത് 2087 പേർ മാത്രമാണ്.

വിദേശത്തുനിന്ന് വോട്ട് ചേർത്തവരും പടിക്കുപുറത്തോ?

പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ടുചേർത്ത് പട്ടികയിൽ ഇടംപിടിക്കാൻ അവസരം നൽകിയിരുന്നു. ഇവർ ആദ്യം ഓൺലൈൻ അപേക്ഷയാണ് നൽകേണ്ടിയിരുന്നത്. ശേഷം അതതു തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകേണ്ടത്. ഈ അപേക്ഷകളിലെ മേൽവിലാസത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിശോധന നടത്തിയാൽ തന്നെ ഇവർ പ്രവാസി വോട്ടർപട്ടികയിൽ ഉൾപ്പെടും. എന്നാൽ പലരും ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും സമയത്തിന് രേഖകൾ ഹാജരാക്കിയില്ല. ഇതോടെയാണ് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. 

പ്രവാസി വോട്ട് ചേർത്തവർ നാട്ടിലില്ലെങ്കിലും പട്ടികയിൽനിന്ന് പുറത്താവില്ല. എന്നാൽ പ്രവാസി വോട്ടല്ലാതെ ചേർത്ത ഒരാൾ പിന്നീട് ആറു മാസത്തിനുശേഷം വിദേശത്തു പോയാൽ ഹിയറിങ് സമയത്ത് സ്ഥലത്തില്ലെന്ന കാരണത്താൽ പട്ടികയിൽനിന്ന് പുറത്താകും. എന്നാൽ ഇവരുടെ വീടുകൾ പരിശോധിച്ച് ആളില്ലെന്ന കാരണത്താൽ വോട്ട് നിഷേധിച്ചാൽ പ്രവാസികൾ കൂട്ടത്തോടെ പുറത്താകും.


Post a Comment

Previous Post Next Post

WB AD


 


 

LIVE