തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിലാണ് തുടരുന്നത്. കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് ഷാഫിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങൾ കെപിസിസി നേതൃയോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനിൽക്കുന്നത്. അതിനിടെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‍യു പ്രവർത്തകനെ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തി ഷാഫി പറമ്പിൽ കണ്ടു.അതേസമയം രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.അതേസമയം രാഹുൽ എത്തിയത് മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിർന്ന നേതാക്കൾ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിർത്തെങ്കിലും പിന്നീട് രാഹുൽ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന.
Post a Comment