സൗദി അറേബ്യയും പാകിസ്താനും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. സൗദി കിരീടാവകാശിയുടെ റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരു രാഷ്ട്രത്തലവൻമാരും തമ്മിലുള്ള കൂടിക്കാഴ്ച.സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള എട്ട് പതിറ്റാണ്ടായി നീണ്ടുനിൽക്കുന്ന ചരിത്രപരമായ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് പ്രതിരോധ ഉഭയകക്ഷി കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദര്യത്തിന്റെയും ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും പരസ്പരബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ താത്പര്യങ്ങളും പ്രതിരോധ സഹകരണവും കരാറിൽ പ്രതിഫലിക്കുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു.അതേസമയം പാകിസ്താനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പരിശോധിക്കുമെന്നു കേന്ദ്രം.ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment