വടകര റവന്യൂ ടവർ - നടപടികൾ പുരോഗമിക്കുന്നു : കെ.കെ.രമ എം.എൽ.എ

 വടകര: റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എൽ.എ. മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിൽ വരുത്തേണ്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് എം.എൽ.എ വിളിച്ചു ചേർത്ത കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗശേഷം പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വർഷം റവന്യൂ മന്ത്രി കെ.രാജൻ തറക്കല്ലിട്ട റവന്യൂ ടവറിന്റെ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. താലൂക്ക് ഓഫീസ് കത്തിനശിച്ചതിനു ശേഷം അടിസ്ഥാന സൗകര്യങ്ങളുടേ അഭാവമുള്ള വാടകകെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് റവന്യൂ ടവർ യാഥാർഥ്യമാകുന്നതോടെ മാത്രമേ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയുള്ളൂ. കേരള ഹൌസിംഗ് ബോർഡാണ് പ്രവൃത്തി നിർവഹണം നടത്തേണ്ടത്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കപ്പെടുന്ന രീതിയിൽ എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ പദ്ധതിക്ക് അംഗീകാരം നൽകാമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി. വൈകാതെ തന്നെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിക്കുമെന്ന് ഹൌസിങ് ബോർഡ് ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.കൂടാതെ പ്രവൃത്തി പൂർത്തിയായ വടകര നാരായണ നഗരം സ്റ്റേഡിയം വൈകാതെ തന്നെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നും, വടകര പുത്തൂർ ഫയർസെക്കണ്ടറി, ഓർക്കാട്ടേരി കെ.കെ.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ പുതിയ കെട്ടിടനിർമ്മാണത്തിനുള്ള പദ്ധതിക്കും വൈകാതെ അംഗീകാരം ലഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

സിൽവർ ലൈൻ പദ്ധതി വരുന്നതിനാൽ മാറ്റിവെക്കപ്പെട്ട അഴിയൂർ റയിൽവേ ഓവർബ്രിഡ്‌ജിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. 29.28 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ അംഗീകാരമായെന്നും സ്ഥലമേറ്റെടുടുക്കൽ ഉൾപ്പടെയുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചതായി എം.എൽ.എ പറഞ്ഞു. വടകര മൽസ്യ മാർക്കറ്റ് നവീകരണം, സാൻഡ്‌ബാങ്ക്സിനെയും ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരക്കാർ പാലം, തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം, താഴെയങ്ങാടി നവീകരണം തുടങ്ങിയ പ്രവൃത്തികൾ വൈകാതെ തന്നെ ആരംഭിക്കുമെന്നും ഇവയുടെ സാങ്കേതിക തടസ്സങ്ങൾ ഓരോന്നായി പരിഹരിച്ചു വരികയാണെന്നും എം.എൽ.എ യോഗശേഷം അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE