വടകര:മണ്ണായിരുന്ന കടലാസ്സിൽ കലപ്പയെന്ന പേന കൊണ്ട് ജീവിതമെന്ന മഹാ പരീക്ഷ ജയിച്ചുവന്ന ഒരു രക്ഷിതാവും തന്റെ കുട്ടികൾക്ക് എൻട്രൻസ് എഴുതി സീറ്റ് കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്തിട്ടില്ല. ഭാവിയുടെ മുഴുവൻ സ്വപ്നങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട പ്രസാദാത്മകമായ ഉദയ നക്ഷത്രങ്ങളായ നമ്മുടെ നിഷ്‌ക്കളങ്കരായ വിദ്യാർത്ഥി സമൂഹം എഞ്ചിനീയിറിങ്ങിലും മെഡിസിനിലും മാത്രമായി ഒതുക്കപ്പെട്ട് നിരന്തരം വ്യാമോഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ജോലികൾ ഉള്ള നമ്മുടെ നാട്ടിൽ വലിയ ശമ്പളം എന്ന ഒരൊറ്റ ഏകകത്തിൽ കുട്ടികളെ നിരന്തരം തളച്ചിടുന്നു. അതിൽ തോറ്റു പോകുന്നവർ നിരന്തരം അപമാനിക്കപ്പെടുകയും ജീവിതത്തിന്റെ പ്രകാശം നഷ്ടപ്പെട്ടവരായി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. ആഘാതമേൽക്കാൻ കഴിയാത്ത തലമുറകളാണ് ഇന്നത്തേത്. തോൽവി കൊണ്ട് ആഘാതമേറ്റവരാണ് ലോകത്തെ അടയാളപ്പെടുത്തിയതെന്നും പ്രിയ കവി പി കെ ഗോപി 'ഹൃദ്യം 2023' ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പറഞ്ഞു.
കുറിഞ്ഞാലിയോട് ടി.പി മൂസ്സ ചാരിറ്റബിൾ & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസ്സ് 'ഹൃദ്യം 2023' സംഘടിപ്പിച്ചു. സൊസൈറ്റിയുടെ പരിധിയിൽ വരുന്ന വിജയികളായ 65 വിദ്യാർത്ഥികളെ കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വിജയികളായ മുഴുവൻ പേർക്കും മെമന്റോയും നോട്ട് ബുക്ക്, കുട, ബാഗ് തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി വി ബാലൻ, 'ടിപി മൂസ്സ ഓർമ്മകളിലെ ഹൃദ്യത' എന്ന വിഷയത്തിൽ സംസാരിച്ചു. ഓർമ്മകളിലെ ഏറ്റവും ഹൃദ്യവും സൗമ്യവുമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തനമായിരുന്നു ടി.പിയുടേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
കെ ടി ദിനേശ് വിജയികളുടെ ഉപരി പഠനത്തിന്റെ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡണ്ട് നൂഞ്ഞിയിൽ രാഘവൻ അധ്യക്ഷനായി. എൻ എം വിമല, കെ പി സൗമ്യ, എൻ എം ബിജു, സി ബാബു, ലത്തീഫ് മെഹ്ഫിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പിണങ്ങോട്ട് ഉസ്മാൻ സ്വാഗതവും എം സുനിൽ കുമാർ നന്ദിയും പറഞ്ഞു.
കെ എം ഹരിദാസ്, ഒ.എം അശോകൻ, ഐ.എം അശോകൻ, ടി കെ ഭാസ്കരൻ, രജിലേഷ് ഒ എം, സനൽ എം കെ, സത്യൻ നല്ലൂക്കര, എ രാജു, സജീവൻ പി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സുന്ദരൻ രാമനാട്ടുകര അവതരിപ്പിച്ച 'സങ്കടനാരായണൻ' എന്ന ഏകപാത്ര നാടകവും അരങ്ങേറി.
Post a Comment