ദില്ലി : ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്.കൽക്കട്ടയിലെ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിൻവലിക്കുന്നതിനുള്ള സൂചനകൾ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. '25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത് തന്റെ തോന്നൽ മാത്രമാണെന്നാണ് അദ്ദേഹം പറുന്നത്. "അടുത്ത രണ്ട് മാസത്തിനുള്ളിൽ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ ചർച്ചകളെല്ലാം അത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment