
ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉന്നം വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ സഭയിലെ പ്രസ്താവന. ഗര്‍ഭാവസ്ഥ മുതല്‍ മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു.അതേസമയം, ആരോഗ്യവകുപ്പിലെ പരാതികളില്‍ നിയമസഭാ ചോദ്യോത്തര വേളയില്‍ തര്‍ക്കം നടന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലായിരുന്നു വാക്‌പോര്.എ പി അനില്‍കുമാറാണ് ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്. 10 വര്‍ഷമായിട്ടും തകരാര്‍ എന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു. ഡോ ഹാരിസ് എക്‌സ്‌റേ ഫിലിം പോലുമില്ല എന്ന് വെളിപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിയായി പോകുന്നവര്‍ ഡെഡ്‌ബോഡിയായി തിരിച്ചു വരുന്ന അവസ്ഥയാണെന്ന് സനീഷ് കുമാര്‍ ജോസഫിന്റെ വിമര്‍ശനം. ഇതിനു മറുപടിയായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് അച്ചാരം വാങ്ങി ചിലര്‍ വന്നിട്ടുണ്ടെന്ന് വി. ജോയ് പറഞ്ഞു. ഇത് തര്‍ക്കത്തിനിടയാക്കി.ഡാ. ഹാരിസ് ചിറക്കലിന്റെ ആരോപണം മന്ത്രി ശരിവെച്ചു. ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയ്ക്ക് വന്ന രോഗികള്‍ പുറത്തുനിന്ന് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് സമ്മതിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയ്ക്ക് വന്ന ചില രോഗികള്‍ പുറത്തുനിന്ന് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ സ്വന്തം ചെലവില്‍ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ല. ഇത് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമല്ല. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ വകുപ്പിനെ നിര്‍ബന്ധമായും അറിയിക്കണം – ആരോഗ്യമന്ത്രി പറഞ്ഞു.
Post a Comment