പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റു; കർഷകന് ദാരുണാന്ത്യം

 

പാലക്കാട്: തോട്ടത്തിൽ പൊട്ടിവീണ കെഎസ്ഇബിയുടെ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം തോട്ടത്തിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തോട്ടത്തിലെത്തിയ മാരിമുത്തു പൊട്ടിക്കിടന്ന കെഎസ്ഇബി ലെെൻ കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു.

തെങ്ങുംതോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെയും കെഎസ്ഇബിയെയും വിവരം അറിയിച്ചു.

അതേസമയം, പാലക്കാട്-അട്ടപ്പാടി-താവളം-മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി മണ്ണാർക്കാട് ഡിവിഷന്റെ പരിധിയിലുള്ള വിവിധ സെക്ഷനുകളിലായി 115 വൈദ്യുത പോസ്റ്റുകൾ തകർന്നു. 18.6 ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. മണ്ണാർക്കാട്, കുമരംപുത്തൂർ, അലനല്ലൂർ, തച്ചമ്പാറ, അഗളി സെക്ഷനുകളിലാണ് നാശഷ്ടമേറെയും. 99 എൽ.ടി തൂണുകളും 16 എച്ച്.ടി തൂണുകളുമാണ് തകർന്നത്. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു.

ചന്ദ്രനഗർ കുപ്പിയോട് കനാൽ വരമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്കേറ്റിരുന്നു. സരോജനിയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ കൊച്ചുമകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 11 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കിൽ നാല് വീടുകൾ, മണ്ണാർക്കാട് മൂന്ന്, ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ ഓരോ വീടുകളും ഭാഗികമായി തകർന്നു. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് ഉന്നതിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി.രാമചന്ദ്രന്റെ വീടിന്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.

ശിരുവാണി ഡാം സ്ലൂയിസ് ഷട്ടർ പത്ത് സെന്റീ മീറ്റർ ഉയർത്തി. ശിരുവാണി പുഴ, ഭവാനി പുഴ തീരത്ത് ജാഗ്രത നിദേശം. വൈകീട്ട് അഞ്ചുവരെ 100 സെന്റീമീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. പറമ്പിക്കുളം ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. നിലവിൽ സെക്കൻഡിൽ 1191 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ശക്തമായ മഴയിൽ മണ്ണാർക്കാട് ഭീമനാട് 55 -ാം മൈലിൽ റോഡ്ൽ വിള്ളൽ. പുതുതായി നിർമ്മിച്ച റോഡിന്റെ ഒരുവശത്ത് ഉള്ള മണ്ണ് കുത്തിയൊലിച്ചു പോയത് വിള്ളലിന് കാരണമായി. നെല്ലിയാമ്പതി ലില്ലി മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം.

Post a Comment

Previous Post Next Post

WB AD


 


 

LIVE