കലുങ്ക് സൗഹൃദ സദസിനിടെ സുരേഷ് ഗോപി അധിക്ഷേപിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് പതിനായിരം രൂപ മടക്കി നൽകി

 


തൃശൂര്‍: കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസില്‍വെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച വയോധികയ്ക്ക് പണം മടക്കി നല്‍കി കരുവന്നൂര്‍ ബാങ്ക്. ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പതിനായിരം രൂപയാണ് മടക്കി നല്‍കിയത്. സിപിഐഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചുകൊണ്ടുപോയി പതിനായിരം രൂപ വാങ്ങി നല്‍കിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് നല്‍കാനുളളത്. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയായിരുന്നു ആനന്ദവല്ലി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സദസിലെത്തിയത്.'ചേച്ചി അധികം വർത്തമാനം പറയണ്ട, ഇ ഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. തങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധിക തിരിച്ച് ചോദിച്ചു. അല്ല, താൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും പറഞ്ഞ് സുരേഷ് ഗോപി ആനന്ദവല്ലിയെ മടക്കി അയച്ചു. ഇത് വാർത്തയാകുകയും സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.പുളളിൽ നടന്ന കലുങ്ക് സൗഹൃദ സദസിലും നിവേദനവുമായെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ചിരുന്നു. കൊച്ചുവേലായുധൻ എന്ന വയോധികനെയാണ് സുരേഷ് ഗോപി അപമാനിച്ചുവിട്ടത്. സംവാദം നടന്നുകൊണ്ടിരിക്കെയാണ് കൊച്ചു വേലായുധന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്.സുരേഷ് ഗോപി നിവേദനം മടക്കിയ കൊച്ചുവേലായുധന് സിപിഐഎം വീട് വെച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദറാണ് ഇക്കാര്യം അറിയിച്ചത്. 'കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവര്‍ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി'എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഐഎം നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.



Post a Comment

Previous Post Next Post

WB AD


 


 

LIVE